മൃതിയെ വെല്ലുന്ന ജീവിതങ്ങൾ

ജീവിതവും മരണവും രണ്ടും രണ്ടാണോ ? അതോ, ഒരേ അവസ്ഥയുടെ രണ്ട് മുഖങ്ങളോ ? ഇരുളും വെളിച്ചവും പോലെ; ചൂടും തണുപ്പും പോലെ; വാക്കും അർത്ഥവും പോലെ. ഡോ. പോൾ കലാനിതി എഴുതിയ “When breath becomes air” എന്ന പുസ്തകം ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ഇത്തരം ചില ചോദ്യങ്ങളിലൂടെയും അപഗ്രഥനങ്ങളിലൂടെയും വായനക്കാരെ കൊണ്ടുപോകുന്നു.

        ചില പുസ്തകങ്ങൾ നമ്മുടെ ചിന്തകളെ വിടാതെ പിന്തുടരും ; ഇളക്കി മറിക്കും ; ആത്മാന്വേഷണത്തിന് പ്രേരിപ്പിക്കും. ഇത് അത്തരം ഒരു രചനയാണ്. അതുകൊണ്ടുതന്നെ ഈ വായനയുടെ അനുഭവം പറഞ്ഞുവക്കാതെ നിവൃത്തിയില്ല.

        ദിനംപ്രതി അനേകായിരം മരണങ്ങൾ ചുറ്റും നടന്നുകൊണ്ടിരിക്കുമ്പോഴും സ്വയം നശ്വരതയെ കുറിച്ച് ചിന്തയില്ലാതെ എങ്ങും ജീവിതം ആഘോഷിക്കപ്പെടുന്നു എന്നതാണ് ഈ ലോകത്തിൽ ഏറ്റവും ആശ്ചര്യകരമായ സംഗതി എന്ന് മഹാഭാരതത്തിൽ ഒരിടത്തു പറയുന്നുണ്ട്. പോളിന്റെ ഈ പുസ്തകവും, ജീവിതവും മരണവും തമ്മിലുള്ള ഈ തരം സവിശേഷ ബന്ധങ്ങളെപ്പറ്റി ഉള്ള ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

        2015 മാർച്ച് ഒമ്പതാം തീയ്യതി തന്റെ മുപ്പത്തിയേഴാമത്തെ വയസ്സിൽ പോൾ കലാനിതി മരണത്തിന് കീഴടങ്ങി. ശ്വാസകോശത്തെ ബാധിച്ച അർബുദമായിരുന്നു മരണകാരണം. ക്യാൻസർ സ്ഥിരീകരിച്ചശേഷം ആ മരണാസന്നമായ രോഗാവസ്ഥയിൽ സ്വന്തം ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ദർശനങ്ങളെക്കുറിച്ചും പോൾ കലാനിതി ഈ പുസ്തകത്തിലൂടെ നമ്മോട് പറയുന്നു. ഒരുപക്ഷേ, ജീവിതം എന്ന നശ്വരതയെ അദ്ദേഹം മറികടക്കാൻ ആഗ്രഹിച്ചത് എന്നേക്കും വായിക്കപ്പെടാവുന്ന ഈ പുസ്തകത്തിലൂടെ ആവണം.

        പുസ്തകത്തിന്റെ ആമുഖമായി പോൾ പറഞ്ഞുതുടങ്ങുന്നത്  ആദ്യമായി ക്യാൻസർബാധിച്ച തന്റെ ശ്വാസകോശത്തിന്റെ സി.ടി. സ്കാൻ കാണുന്നിടം മുതൽക്കാണ്. ആ രോഗനിർണയം സ്വാഭാവികമായും പോളിന്റെ ജീവിതത്തിന്റെ ഗതി മാറ്റുന്നു. വർഷങ്ങൾ നീണ്ട വൈദ്യപഠനത്തിന്റെയും റസിഡൻസിയുടെയും അവസാനഘട്ടത്തിലായിരുന്ന പോൾ അങ്ങനെ ഡോക്ടറുടെ വേഷത്തിൽനിന്ന് പൊടുന്നനെ രോഗിയായി മാറുന്നു. അതുവരെ തന്റേതന്നെ പഠനവസ്തുക്കളായിരുന്ന രോഗികളുടെ നിരയിലേക്ക് താൻ സ്വയം എത്തിപ്പെടുന്ന അവസ്ഥ! ഈ മാറ്റത്തിന്റെ കഥയും, ഇതിന് വളരെ മുൻപേതന്നെ പോളിനെ പിന്തുടർന്നിരുന്ന അസ്തിത്വവ്യഥകളും ആണ് ഈ പുസ്തകത്തിന്റെ കാതൽ.

        ഡോക്ടറിൽനിന്ന് രോഗിയിലേക്കുള്ള ഈ വേഷപ്പകർച്ചക്കൊപ്പം മറ്റൊന്നുകൂടി സംഭവിക്കുന്നു. വേർപാടിന്റെ വക്കിൽ എത്തിനിന്നിരുന്ന പോളിന്റെയും പത്നി ലൂസിയുടെയും ദാമ്പത്യം ഈ തിരിച്ചറിവിനുമുന്നിൽ വീണ്ടും ദൃഢമാകുന്നു. രണ്ടുപേരും പരസ്പരം താങ്ങാവുന്നു. തുടർന്നുള്ള യാത്ര ഒരുമിച്ചാണെന്ന് തീർച്ചപ്പെടുത്തുന്നു. അവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വെളിച്ചം അണഞ്ഞുപോയിട്ടില്ല എന്ന് അവർ മനസ്സിലാക്കുന്നത് മരണത്തിന്റെ നിഴൽപ്പാടുകൾക്കിടയിലൂടെയാണ്.

WhenBreathBecomesAir_3

        ആമുഖത്തിനുശേഷം പോൾ തന്റെ ബാല്യകാലത്തിന്റെ ഓർമ്മകളിലേക്ക് പോകുന്നു. ദക്ഷിണേന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഹിന്ദു-ക്രിസ്ത്യൻ ദമ്പതികളുടെ മൂന്നാമത്തെ ആൺകുട്ടിയായ പോൾ ബാല്യം ചെലവഴിക്കുന്നത് അരിസോണയിലാണ്. പോളിന്റെ അമ്മ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചിയെയും വായനയേയും നല്ലപോലെ സ്വാധീനിച്ചു; വളർത്തി. ആ സ്വാധീനത്തിൽ, എഴുത്താണ് തന്റെ കർമ്മമണ്ഡലം എന്ന ബോധത്തോടെ ഹാർവാർഡ് സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിന് ചേരുന്ന പോൾ പക്ഷേ പഠിച്ചിറങ്ങുമ്പോഴേക്കും ഒരുകാര്യം തീർച്ചപ്പെടുത്തി. തന്റെ ഉള്ളിലെ ആത്മാന്വേഷണങ്ങൾക്കും, അസ്തിത്വവ്യഥകൾക്കുമുള്ള ഉത്തരം തരാൻകഴിയുക ന്യൂറോളജിക്കാണ് എന്ന്.

        അങ്ങനെ, പ്രശസ്തമായ യേയ്‌ൽ സർവകലാശാലയിൽ മെഡിക്കൽ പഠനത്തിൻ തയ്യാറെടുക്കുന്ന പോൾ, ഇടക്കാലത്ത് കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിലും വൈദ്യശാസ്ത്രത്തിലും എം.ഫിൽ നേടുന്നു.

        പിന്നീട് എഴുവർഷത്തോളം നീണ്ട ന്യൂറോളജി പഠനവും, ഗവേഷണവും, റസിഡൻസി ഷിഫ്റ്റുകളും . ഒപ്പം എണ്ണമറ്റ ജീവിതാനുഭവങ്ങളും. അവയൊക്കെ അർഹിക്കുന്ന തീക്ഷ്ണതയോടെ പോൾ പറഞ്ഞുവയ്ക്കുന്നുണ്ട്. ആദ്യമായി ജനനവും മരണവും ഒക്കെ കണ്മുന്നിൽ കാണുന്നതും, പിന്നീടങ്ങോട്ട് പലതരം രോഗപീഡകളുടെ ദൃക്‌സാക്ഷ്യവും എല്ലാം. വേദനയുടെ മുഖങ്ങൾ, ജീവിതത്തിലേക്കുള്ള തിരിച്ചു വരവുകൾ അങ്ങനെയങ്ങനെ. ജീവൻ രക്ഷിക്കുക എന്നത് മാത്രമല്ല, മരണത്തിലേക്കുള്ള യാത്രയിൽ ഒപ്പം കൈപിടിച്ചു നടക്കുക എന്നതും ഒരു ഡോക്ടറുടെ കർത്തവ്യമാണ് എന്ന് പോൾ എഴുതുന്നു.

        മുന്നിൽ വരുന്ന ഓരോ രോഗാവസ്ഥയും ജീവിതത്തെയും, മരണത്തെയും, നശ്വരതയെയും, മനുഷ്യത്വത്തെയും ഒക്കെ പറ്റി ഉള്ള പഠനവസ്തുക്കളായിരുന്നു അദ്ദേഹത്തിന്. ഒടുവിൽ മാറിനിന്ന് മനസ്സിലാക്കാൻ ശ്രമിച്ച മരണം പോളിന് മുഖത്തോട് മുഖം വന്ന് നിന്നു. ക്യാൻസർ ബാധിച്ച സ്വന്തം ശ്വാസകോശത്തിന്റെ സ്കാനിന്റെ രൂപത്തിൽ.

        പിന്നീടങ്ങോട്ട് താൻ പഠനവസ്തുക്കളിലൂടെ പഠിച്ചതും മനസ്സിലാക്കാൻ ശ്രമിച്ചതുമൊക്കെ സ്വന്തം അനുഭവമായി അറിയുകയാണ് പോൾ. സ്വയം ഒരു പഠനവസ്തുവായിക്കൊണ്ട്. സ്വന്തം ആത്മാന്വേഷണങ്ങളുടെ ഏറ്റവും അവസാനത്തെ വഴികളിലൂടെയുള്ള യാത്ര.

        ക്യാൻസർ സ്ഥിരീകരിച്ചപ്പോൾ പോളും ലൂസിയും അവർക്കൊരു കുഞ്ഞുവേണം എന്ന് തീർച്ചപ്പെടുത്തുന്നു. രോഗം മൂർച്ഛിക്കുന്നതോടൊപ്പം അവർക്കിടയിലേക്ക് കടന്നുവരുന്ന ക്യാഡി എന്ന പെൺകുഞ്ഞിന്റെ സാന്നിധ്യം പോളിന്റെ ജീവിതാനുഭവങ്ങൾക്ക് പൂർണ്ണത നൽകുന്നു. ക്യാഡിയോടുള്ള പോൾ എന്ന പിതാവിന്റെ വാക്കുകളോടെ പുസ്തകം പരിസമാപ്തിയിൽ എത്തുന്നു.

WhenBreathBecomesAir_2

        പുസ്തകത്തിന്റെ അവസാനം പോളിന്റെ ജീവിതവും, മരണത്തിലേക്കുള്ള യാത്രയും, അന്ത്യദിനങ്ങളും, വേർപാടിന്റെ അർത്ഥതലങ്ങളും ഒക്കെ ലൂസിയുടെ വാക്കുകളിലൂടെ വിവരിക്കുന്നുണ്ട്. ഈ പുസ്തകം എഴുതുന്നതിനുവേണ്ടി പോൾ അനുഭവിച്ച വേദനയും ദുരിതങ്ങളും ഒക്കെ അങ്ങനെ നമ്മുടെ കണ്മുന്നിൽ തെളിയുന്നു.

        രോഗാവസ്ഥ സർഗാത്മകതക്കുള്ള രാസത്വരകമാവുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഈ പുസ്തകം എന്ന് തോന്നാം. കാരണം, പല പ്രഗത്ഭരായ എഴുത്തുകാരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള രചനാപാടവം ഈ പുസ്തകത്തിൽ കാണാം. സംഭവങ്ങളുടെ കൃത്യവും സത്യസന്ധവുമായ വിവരണവും അതിനോട് ചേർന്നുനിൽക്കുന്ന ഭാഷയും അത്രയ്ക്ക് ശ്രദ്ധേയമാണ്. മറ്റൊന്ന്, മരണത്തെ മുന്നിൽകണ്ടുകൊണ്ട് എഴുതിയ ഈ കൃതി ഒരിക്കലും ഒരു രോദനത്തിന്റെയോ, നിരാശയുടെയോ, അവകാശവാദങ്ങളുടെയോ ഭാഷ സ്വീകരിക്കുന്നേയില്ല എന്നതാണ്. അതിവൈകാരികതയുടെ ഒരംശം പോലും നമുക്കിതിൽ വായിച്ചെടുക്കാൻ കഴിയില്ല. ജീവിതം എന്ന അത്ഭുതത്തെക്കുറിച്ചും അതിന്റെ നിഴലായി എപ്പോഴും പതുങ്ങിനിൽക്കുന്ന മരണം എന്ന പ്രഹേളികയെക്കുറിച്ചും ഉള്ള അനുഭവസാക്ഷ്യങ്ങളാണ് ഇതിലുടനീളം നിറഞ്ഞുനിൽക്കുന്നത്.

        വായനയുടെ അവസാനം പോൾ എന്ന മനുഷ്യൻ നമ്മുടെ ഉള്ളിൽ വളർന്ന്, നിറഞ്ഞ്  നിൽക്കുന്നുണ്ടാവും ; തീർച്ച. അങ്ങനെ മികച്ച വായനാനുഭവം നൽകുന്ന ഒരു പുസ്തകമായി “When breath becomes air”  മാറുന്നു. അതുകൊണ്ടുതന്നെ പോൾ കലാനിതിക്ക് ഒരുപാട് വായനകളും പുനർവായനകളും ഉണ്ടാവും. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും മരണമെന്ന പൂർണവിരാമത്തെ അതിലംഘിക്കുന്ന തുടർച്ചയാവുന്നു.

Image Courtesy: Paul Kalanithi’s website

Leave a comment