പരിണാമത്തിന്റെ കാലഗണനയിൽ താരതമ്യേന വളരെ പുതിയ ഒരു ജീവിവർഗ്ഗമാണ് “ഹോമോ സാപിയൻസ്” എന്ന ഇന്നത്തെ നമ്മുടെ മനുഷ്യവർഗം. ഭൂമിയിൽ ജീവൻ ഉദ്ഭവിച്ചിട്ട് ഏകദേശം 380 കോടി വർഷങ്ങൾ ആയി എങ്കിലും ഹോമോ സാപിയൻസ് പരിണമിച്ചുവന്നിട്ട് വെറും 2 ലക്ഷത്തോളം വർഷങ്ങളെ ആയിട്ടുള്ളു. അങ്ങനെ പരിണാമപരമായി നോക്കുമ്പോൾ ജീവിവർഗങ്ങളിലെ ഇളംതലമുറയാണ് മനുഷ്യൻ. എങ്കിലും ഇന്ന് മറ്റ് സകല ജീവിവർഗങ്ങൾക്ക് മുകളിലും , എന്തിന് പ്രകൃതിയുടെമേൽ വരെ മനുഷ്യൻ മേൽക്കൈ നേടിയിരിക്കുന്നു. ഭൂമിയിലെ പ്രകൃതിവിഭവങ്ങളെയെല്ലാം ചൂഷണംചെയ്ത് ഭക്ഷണവ്യവസ്ഥയുടെ പിരമിഡിന്റെ ഏറ്റവും മുകളിലാണ് ഇന്ന് മനുഷ്യൻ. എന്തായിരിക്കാം ഇതിന് കാരണം ? ആധുനികശാസ്ത്രത്തിന് ഇതിന് ഉത്തരമുണ്ടോ ? മറ്റ് ജീവജാലങ്ങളെക്കാൾ താരമമ്യേന വലിയ ഒരു മസ്തിഷ്‌കം മനുഷ്യനുണ്ട് എന്നതാണെന്ന് തോന്നാം ഒറ്റവാക്യത്തിൽ അതിനുത്തരം. എന്നാൽ കാര്യങ്ങൾ അത്ര ലളിതമല്ല.

പരിണാമപ്രക്രിയയിൽ ഹോമോ സാപിയൻസിന് സമകാലീനരായി ഉണ്ടായിരുന്ന ‘നിയാണ്ടെർതാൽ’ മനുഷ്യർക്ക് ഹോമോ സാപിയൻസിനെക്കാൾ വലിയ മസ്തിഷ്‌കം ഉണ്ടായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ‘നിയാണ്ടെർതാൽ’ വർഗ്ഗത്തിന് വംശനാശം സംഭവിക്കുകയും ഹോമോ സാപിയൻസ് അതിജീവിക്കുകയും ചെയ്തു. കൂടാതെ, ഹോമോ സാപിയൻസ് എന്ന നമ്മുടെ മനുഷ്യവർഗം ഉരുത്തിരിഞ്ഞ് 2 ലക്ഷം വർഷങ്ങളായെങ്കിലും നമ്മൾ ഇപ്പോൾ കാണുന്നവിധം പുരോഗതിപ്രാപിച്ചിട്ട് എഴുപത്തയ്യായിരത്തോളം വർഷങ്ങളെ ആയിട്ടുള്ളൂ. അതിനുമുമ്പുള്ള ഒരുലക്ഷത്തിലധികം വർഷങ്ങൾ ‘ഹോമോ സാപിയൻസ്’ പ്രായേണ ദുർബലരും, അതിജീവനത്തിനായി കഷ്ടപെടുന്നവരും, ഭക്ഷ്യവ്യവസ്ഥയുടെ പിരമിഡിൽ മധ്യസ്ഥാനത്തുമാത്രം നിലകൊള്ളുന്നവരും ആയിരുന്നു. അപ്പോൾ മസ്തിഷ്കത്തിന്റെ വലുപ്പമല്ല മനുഷ്യവർഗ്ഗത്തിന്റെ ഇത്രയുംവലിയ പുരോഗതിക്കും വികാസത്തിനും ഉള്ള ഏക കാരണം.
കുറച്ചുകൂടി ആഴത്തിൽ ഈ ചോദ്യത്തിനെ സമീപിച്ചാൽ , എഴുപത്തയ്യായിരം വർഷങ്ങൾക്കുമുൻപ് ഹോമോ സാപിയൻസിന്റെ മസ്തിഷ്കത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമുണ്ടായി എന്നുവരുന്നു. കാരണം, ഈ കാലഘട്ടത്തിലും തുടർന്നും മനുഷ്യവർഗ്ഗത്തിൽ വിപ്ലവാത്മകമായ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും ഉണ്ടായി. ഭാഷ, സംസ്കാരം, നാഗരികത, കൃഷി, ഉപകരണങ്ങൾ, ചക്രം എന്നുതുടങ്ങി നാണയവ്യവസ്ഥയും, കച്ചവടവും, സാങ്കേതികവിദ്യയും വരെ അവയിൽ ചിലതാണ്.
മനുഷ്യമസ്തിഷ്കത്തിൽ നടന്ന ഈ സുപ്രധാനമാറ്റത്തെക്കുറിച്ച് ശാസ്ത്രലോകത്ത് പല സിദ്ധാന്തങ്ങളും വാദഗതികളും ഉണ്ടെങ്കിലും അതിൽ പ്രധാനമായ ഒന്ന് മിറർ ന്യൂറോൻസിനെ ( Mirror Neurons ) സംബന്ധിച്ചുള്ളതാണ്. ഏകദേശം എഴുപത്തയ്യായിരം വർഷങ്ങൾക്കപ്പുറമുള്ള കാലഘട്ടത്തിൽ മനുഷ്യമസ്തിഷ്കത്തിലെ മിറർ ന്യൂറോണുകൾ എന്ന ഒരു പ്രത്യേകവിഭാഗം ന്യൂറോണുകൾ വികാസംപ്രാപിക്കുകയും ഇത് മനുഷ്യവർഗ്ഗത്തിന് മറ്റുജീവികളെ അപേക്ഷിച്ച് കൂടുതൽ തന്മയീഭാവം ( Empathy ) പ്രകടിപ്പിക്കുന്ന കഴിവ് നേടിക്കൊടുത്തു എന്നുമാണ് കരുതുന്നത്. മിറർ ന്യൂറോണുകൾ പൊതുവിൽ മറ്റൊരാളുടെ പ്രവൃത്തിയെയോ അനുഭവത്തെയോ അത് കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയുടെ മസ്തിഷ്കത്തിൽ പുനരാവിഷ്കരിക്കുകയും അങ്ങനെ അയാൾക്ക് ആദ്യവ്യക്തിയുടെ ചിന്തകളോടും അനുഭവങ്ങളോടും തന്മയീഭാവം പ്രകടമാക്കുകയും ചെയ്യുന്നു എന്നുപറയാം. ഈ കഴിവിന്റെ വികാസത്തോടെ ഒരിക്കൽ ഒരാൾ നടത്തുന്ന കണ്ടുപിടുത്തങ്ങളും ആശയങ്ങളും അയാളിൽമാത്രം ഒതുങ്ങാതെ മറ്റുള്ളവരിലേക്ക് പകരുന്നത് വളരെ സ്വാഭാവികമാവുകയും അങ്ങനെ വിപ്ലവകരമായ പല ആശയങ്ങളും തലമുറകളിലൂടെ സഞ്ചരിച്ച് വികസിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു. ഇത് മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയുടെ നാഴികക്കല്ലായി എന്നുപറയാം.

ഇതേ തന്മയീഭാവം എന്ന കഴിവുകൊണ്ടുതന്നെ മനുഷ്യർക്കിടയിൽ ഭാവനാത്മകമായ പല ആശയങ്ങളുടെയും മുകളിൽ സ്ഥിരതയുള്ളതും വലുതുമായ സമൂഹക്രമങ്ങൾ ഉണ്ടാകാൻ തുടങ്ങി. മതം, രാഷ്ട്രം, കച്ചവടസ്ഥാപനങ്ങൾ, പണം എന്നിങ്ങനെ പലതും ഇത്തരം മനുഷ്യഭാവനയിൽമാത്രം നിലനില്പുള്ളതും എന്നാൽ വലിയതോതിൽ മനുഷ്യരാശിയെ ഒരുമിപ്പിക്കുന്നതുമായ ശക്തികളാണ്. തന്മയീഭാവം എന്ന മനുഷ്യവർഗ്ഗത്തിന്റെ പരസ്പരം മനസ്സിലാക്കാനുള്ള കഴിവിന്റെ ഉയർന്നതലത്തിലുള്ള ഫലങ്ങളാണ് ഇവ. ഇത് ജീവിവർഗ്ഗത്തിൽ മനുഷ്യർക്കുമാത്രം അവകാശപ്പെടാവുന്നതാണ്.
മനുഷ്യനോട് ഏറ്റവും അടുത്തുനിൽക്കുന്ന ചിമ്പാൻസികൾക്കും സ്ഥിരതയുള്ള സമൂഹങ്ങളെ ഉണ്ടാക്കാൻ കഴിയും. പക്ഷെ അവരുടെ സമൂഹങ്ങളിലെ അംഗസംഖ്യ വളരെച്ചെറുതായിരിക്കും – ഏകദേശം നൂറ് അംഗങ്ങൾ വരെ ഉള്ളവ. അംഗസംഖ്യ കൂടുമ്പോൾ അത് മറ്റൊരു കൂട്ടത്തിന്റെ രൂപീകരണത്തിന് വഴിവയ്ക്കുന്നു. എന്നാൽ മനുഷ്യനാകട്ടെ ദശലക്ഷക്കണക്കിനുവരുന്ന അംഗങ്ങളുടെ വലിയ സാമ്രാജ്യങ്ങളും, മതങ്ങളും, സ്ഥാപനങ്ങളും ഒക്കെയായി ജീവിക്കാൻ കഴിയുന്നു. രണ്ട് തികച്ചും അപരിചിതരായ മനുഷ്യർക്ക് അവരിരുവരും ഒരേ രാജ്യക്കാരാണ് എന്ന തിരിച്ചറിവിൽ ഒരു പാരസ്പര്യം ഉടലെടുക്കാൻ വളരെ എളുപ്പമാണ്. ഇവിടെ രാജ്യം എന്നത് മനുഷ്യഭാവനയിൽ മാത്രമുള്ള ഒരു ആശയമാണ്. ഇങ്ങനെ ഒരു കഴിവ് മറ്റൊരു ജീവിവർഗ്ഗത്തിനും അവകാശപ്പെടാനില്ല. ഇതാണ് മനുഷ്യരാശിയുടെ പുരോഗതിക്കും വികാസത്തിനും കാരണമായിട്ടുള്ളത് എന്നുകരുതുന്നു.
ഇനി മറ്റൊരുകാര്യം ചിന്തിക്കാം. തേനീച്ചകളും ഉറുമ്പുകളും ചിതലുകളും പോലെയുള്ള ജീവികൾ ആയിരക്കണക്കിന് അംഗങ്ങളുള്ള, സ്ഥിരതയുള്ള സാമൂഹ്യവ്യവസ്ഥയിൽ ജീവിക്കുന്നില്ലേ എന്ന്. എന്നാൽ ഈ വ്യവസ്ഥ അവയുടെ ജീനുകളിൽനിന്നാണ് വരുന്നത്; തലച്ചോറിന്റെ പ്രവർത്തനത്തിൽനിന്നല്ല. അതുകൊണ്ടുതന്നെ ലോകത്തിന്റെ രണ്ടുഭാഗത്തുള്ള ചിതൽക്കൂട്ടങ്ങളുടെ ദൈനംദിനപ്രവൃത്തികൾ ഒരേവിധത്തിലുള്ളതായിരിക്കും – ഒരുപോലെയുള്ള രണ്ട് യന്ത്രങ്ങൾ പ്രവർത്തിക്കുന്ന പോലെ. മനുഷ്യരുടെകാര്യം അങ്ങനെയല്ല. ഒരേസമയം ഒരിടത്ത് ജനാധിപത്യപരമായ സമൂഹമുള്ളപ്പോൾത്തന്നെ മറ്റൊരിടത്തു രാജാധിപത്യത്തിൽ ഊന്നിയ തികച്ചും വ്യത്യസ്തമായ ഒരു സമൂഹക്രമം നിലനിൽക്കുന്നു.
പരസ്പരം ചിന്തകളെയും വികാരങ്ങളെയും മനസ്സിലാക്കാനുള്ള ഈ കഴിവ് മനുഷ്യന്റേതുമാത്രമായ ഒരുവിധം എല്ലാ സവിശേഷതകൾക്കും അടിസ്ഥാനമാണ്. സാഹിത്യം, കല, സൗന്ദര്യശാസ്ത്രം, കരുണ, പാപബോധം, മനുഷ്യാവകാശം, സാംസ്കാരിക വൈവിധ്യങ്ങൾ ഇവയൊക്കെ ഒരുതരത്തിൽ മനുഷ്യരുടെ പാരസ്പര്യത്തിനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്നുകൂടി ചിന്തിച്ചാൽ നമ്മുടെ ആനന്ദത്തിന്റെയും മനഃശാന്തിയുടെയും കാരണമായും ഈ തന്മയീഭാവം പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ജീവിതത്തിൽ സമ്പത്തുകൊണ്ടും പ്രശസ്തികൊണ്ടും തൃപ്തരായവർ ദാനധർമങ്ങളിലൂടെയും പരോപകാരങ്ങളിലൂടെയും സന്തോഷം കണ്ടെത്തുന്നത്. ഒരർത്ഥത്തിൽ മനുഷ്യവർഗ്ഗത്തിന്റെ സ്വാർത്ഥതയല്ല തന്മയീഭാവത്തിൽനിന്നും ഉയിർക്കുന്ന സഹാനുഭൂതിയും പാരസ്പര്യവുമാണ് മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് പ്രധാനപങ്കുവഹിക്കുന്നത് എന്നുകാണാം.
ഇനി, പരസ്പരം മനസ്സിലാക്കി കൂട്ടംചേരാനുള്ള ഇതേകഴിവുകൊണ്ടുതന്നെ മനുഷ്യർക്കിടയിൽ വിവേചനങ്ങളും “നമ്മൾ-നിങ്ങൾ” എന്ന രീതിയിലുള്ള ദ്വന്ത്വങ്ങളും സ്വാഭാവികമായും ഉണ്ടാകുന്നു. ഇത്തരം ദ്വന്ത്വങ്ങൾ സൃഷ്ടിക്കുന്ന കലഹങ്ങൾക്കുള്ള പരിഹാരവും തന്മയീഭാവം എന്നും സഹാനുഭൂതി എന്നും പറയുന്ന കഴിവിൽത്തന്നെ ആണെന്നത് കൗതുകകരമാണ്.
ഒരു ഉദാഹരണം പറയാം. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ജർമനിയും ബ്രിട്ടനും തമ്മിൽ ട്രെഞ്ച് യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സമയം. ( ഇവിടെ “രാജ്യം” എന്ന തികച്ചും മനുഷ്യഭാവനയിലുള്ള ആശയത്തിന്റെ പേരിലാണ് ഇരുകൂട്ടരും യുദ്ധംചെയ്യുന്നത്. “രാജ്യം” എന്ന ആശയമാകട്ടെ മനുഷ്യവർഗ്ഗത്തിന്റെ തന്മയീഭാവം എന്ന കഴിവിൽനിന്ന് രൂപംകൊണ്ടതും ആണ്. ) ആയിടയ്ക്ക് ക്രിസ്മസ് ദിനം വന്നുചേരുകയും ജർമനിയുടെയും ബ്രിട്ടണിന്റെയും സൈനികർ ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുകയും ചെയ്‌തുവത്രേ ! ആഘോഷങ്ങൾ അവസാനിച്ചപ്പോൾ വീണ്ടും അവർ യുദ്ധമുഖത്ത് പരസ്പരം ഏറ്റുമുട്ടി, ഒരുപക്ഷേ അവരുടെ ഉന്നതോദ്യോഗസ്ഥരുടെ ആജ്ഞയ്ക്ക് വഴങ്ങി മനസ്സില്ലാ മനസ്സോടെ. ഇവിടെ രാജ്യം എന്ന ആശയത്തിന്റെ പേരിൽ യുദ്ധംചെയ്തുകൊണ്ടിരുന്ന രണ്ടുകൂട്ടം ആളുകളെ ഒന്നിപ്പിക്കാൻ അവർ രണ്ടുകൂട്ടരുടെയും കേവലവിശ്വാസത്തിൽ ഒരുപോലെയുണ്ടായിരുന്ന മതം / ആഘോഷം എന്ന ആശയത്തിന് കഴിഞ്ഞു എന്നുകാണാം.
ഇതുപോലെ മറ്റൊരു വലിയ ഉദാഹരണമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. ഭാഷ, സംസ്കാരം, മതം, ജാതി എന്നിങ്ങനെ നാനാതരത്തിലുള്ള മനുഷ്യഭാവനകളാൽ വിഘടിച്ചുനിന്നിരുന്ന ഇന്ത്യൻ സമൂഹത്തിനെ ബ്രിട്ടീഷ് കോളോണിയലിസത്തിനെതിരെ ഒന്നിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു മനുഷ്യനിർമ്മിത ഭാവനയായ “ദേശീയത” ആയിരുന്നു. അങ്ങനെ പരസ്പരം പോരടിച്ചിരുന്ന ജനസമൂഹങ്ങൾ ദേശീയത എന്ന ബൃഹത്തായ ആശയത്തിൽ പാരസ്പര്യം കണ്ടെത്തുകയും ഒന്നിക്കുകയും ചെയ്തു. ഇതാണ് മനുഷ്യമസ്തിഷ്കത്തിന്റെ സവിശേഷത.
ചുരുക്കത്തിൽ മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയുടെയും വികാസത്തിന്റെയും മേധാവിത്വത്തിന്റെയും ആധാരം മനുഷ്യമസ്തിഷ്കത്തിന്റെ സവിശേഷതയായ തന്മയീഭാവം ആണ്. അതിന്റെ ഫലമായി ആശയങ്ങൾ പങ്കുവെയ്ക്കാനും , തലമുറകളിലേക്ക് പകരാനും മനുഷ്യഭാവനയിൽമാത്രം നിലനില്പുള്ള ആശയങ്ങളുടെ പേരിൽ പരസ്പരം ഒരുമിക്കാനും, പുരോഗമിക്കാനും മനുഷ്യന് കഴിയുന്നു. എന്നാൽ ക്യാപിറ്റലിസത്തിന്റെ സ്വാധീനംമൂലമുള്ള വ്യക്തികേന്ദ്രീകൃതമായ വ്യവസ്ഥയും, സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഫലമായി നിർമിതബുദ്ധിയോടും യന്ത്രങ്ങളോടുമുള്ള അമിത വിധേയത്വവും കൂടിവരുന്നതോടെ മനുഷ്യന്റെ സവിശേഷകഴിവായ തന്മയീഭാവവും സഹാനുഭൂതിയും ദുർബലമാകുന്നുണ്ട് എന്ന് കാണാം. ഇതുതന്നെയാണ് മനുഷ്യവംശത്തിന് ഭാവിയിൽ നേരിടേണ്ടിവരുന്ന ഏറ്റവുംവലിയ പ്രതിസന്ധികളിൽ ഒന്ന്.
- By ശ്രീജിത് കരങ്ങാട് ( Sreejith Karangad )
അവലംബം:
- Book “Sapiens: A Brief History of Humankind” by Yuval Noah Harari – ISBN 978-0062316097
- TED talk – The neurons that shaped civilization by Dr.V S Ramachandran
- http://nautil.us/issue/55/trust/why-your-brain-hates-other-people-rp
- Image courtesy – Google