നമ്മൾ ഓരോരുത്തരുടെ ഉള്ളിലും വേറെ എത്ര മനുഷ്യരാണുള്ളത് ! ഒറ്റയ്ക്കിരിക്കുമ്പോൾ ഒരാൾ. കാമുകന്/കാമുകിക്ക് ഒപ്പമിരിക്കുമ്പോൾ മറ്റൊരാൾ. വീട്ടുകാർക്കൊപ്പം, അപരിചിതരുടെ ഇടയിൽ, വെന്തുരുകുന്ന ജീവിതച്ചൂടിൽ – ഒക്കെ ഒരോതരം നമ്മൾ. Normal People എന്ന ഇംഗ്ലീഷ് മിനി സീരീസ് പറയുന്നതും സ്വന്തം ഉള്ളിലേക്കുള്ള വഴിയിലൂടെ രണ്ടുപേരുടെ യാത്രയും അതിനിടയിലെ അവരുടെ സ്നേഹബന്ധവും ആണ്. 2018ലെ ബുക്കർ പുരസ്‌കാരത്തിന് Long List ചെയ്ത സാലി റൂണിയുടെ (Sally Rooney) ഇതേ പേരിലുള്ള നോവലിന്റെ ആവിഷ്കാരമാണ് ഈ സീരീസ്.

കോണെലും ( Connel ) മരിയാനും ( Marianne ) സഹപാഠികളാണ്. സ്കൂൾ ജീവിതത്തിന്റെ അവസാന വർഷങ്ങൾ. സാമ്പത്തികമായി ഉയർന്ന ചുറ്റുപാടുള്ള മരിയാന്റെ വീട്ടിൽ ജോലിക്കാരിയാണ് കോണെലിന്റെ അമ്മ. ഒരുപാട് സുഹൃത്തുക്കളുള്ള, അദ്ധ്യാപകരുടെ pet ആയ, എന്നാൽ കുറച്ചൊക്കെ ഉൾവലിഞ്ഞ പ്രകൃതമുള്ള ഒരാളാണ് കോണെൽ. അവനെ മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന അമ്മയാണ് വീട്ടിലെ അവന്റെ ലോകം.

നിഷേധിയെന്നും താന്തോന്നിയെന്നും പേരുകേട്ട, സുഹൃദ് വലയങ്ങളില്ലാത്ത ഏകാകിയാണ് മരിയാൻ. വീട്ടിൽ അമ്മയിൽനിന്നും സഹോദരനിൽനിന്നും അവഗണനമാത്രം അനുഭവിക്കുന്നവൾ. അതേസമയം, സ്വന്തം നിലപാടുകളെക്കുറിച്ച് ബോധ്യങ്ങൾ ഉള്ള, തുറന്നടിച്ച് പെരുമാറുന്ന ഒരു തന്റേടി.
പലതരത്തിലും വ്യത്യസ്തരായിരിക്കെ തന്നെ ബൗദ്ധികമായി ഉയർന്ന രീതിയിൽ ചിന്തിക്കുന്ന മരിയാനും കൊണെലും പരസ്പരം അടുക്കുന്നു. ഒരുമിച്ച് ഡബ്ലിനിലെ പ്രസിദ്ധമായ Trinity College ൽ ചേരുന്ന അവർ അവിടെവച്ച് സ്വന്തം വ്യക്തിത്വങ്ങളുടെ പുതിയ നിറങ്ങൾ അറിയുന്നു. അവിടെ മരിയാൻ എളുപ്പത്തിൽ സുഹൃത്തുക്കളെ കണ്ടെത്തി. സഹപാഠികൾക്കിടയിലും കോളേജിലും തിളങ്ങി. കോണെലാകട്ടെ പുതിയലോകത്തിന്റെ അപരിചിതത്വത്തിനിടയിൽ സ്വയം ചേർന്നുപോകാൻ പറ്റാതെ വിഷമിച്ചു.

പിന്നീടുള്ള നാലഞ്ച് വർഷങ്ങൾ മരിയാനും കോണെലും പലതവണ അടുക്കുകയും അകലുകയും ചെയ്തു. മറ്റുപല സ്നേഹബന്ധങ്ങളിലൂടെയും കടന്നുപോയി. പക്ഷേ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾക്കിടയിൽ താങ്ങായി ആദ്യം തേടുന്നത് കോണെൽ മരിയാനെയും മരിയാൻ തിരിച്ച് കോണെലിനെയും ആയിരുന്നു.
ബിരുദപഠനത്തിന്റെ അവസാനമാകുമ്പോഴേക്കും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം അവർ തിരിച്ചറിയുന്നു. അതോടൊപ്പം അവരിലെ വ്യക്തിത്വത്തിന്റെ അവസ്ഥാന്തരങ്ങളും.

ഈ Lockdown കാലത്ത് OTT platform ൽ പുറത്തിറങ്ങിയ Normal People അഭിനേതാക്കളുടെ പ്രകടനംകൊണ്ടും അവതരണത്തിലെയും കഥയുടെയും മികവുകൊണ്ടും വളരെ നല്ലൊരു കാഴ്ച്ചാനുഭവം തരുന്നുണ്ട്. BBC യുടെ OTT platform ആയ iPlayer ലൂടെയും Hulu എന്ന video-on-demand platform ലൂടെയും Normal People കാണാൻ കഴിയും.
Image Courtesy: Google Image search , BBC iPlayer
Good work Sreejith
LikeLike