
ജനുവരി.
തണുപ്പിൻ്റെ പരലുകൾ
ഇരുട്ടിൽ കടന്നെത്തി
ഉടലിൽ തറയ്ക്കുമ്പോൾ,
ഇലതോർന്നു നിൽക്കുന്ന
ഇടതൂർന്ന മരങ്ങളാൽ
കാഴ്ച മുറിയുന്നു.
മരിച്ച പകലുകളുടെ
മരവിച്ച നിഴലുകൾ
പരന്നു കിടക്കുന്നൂ,
കഴിഞ്ഞു പോയിട്ടും
ഓർമ്മയിൽ ജീവിക്കുന്ന
ചില മനുഷ്യരെപ്പോലെ.
—
ഫെബ്രുവരി.
കറുത്ത മഷിപോലെ
പടരുന്ന വിഷാദത്തിൽ
ആഴ്ന്നുപോകുമ്പോൾ,
വസന്ത മരീചികൾ
ജീവൻ്റെ തുരുത്തിലേക്ക്
വലിച്ചടുപ്പിക്കുന്നൂ.
വെയിലിൻ്റെ ചില്ലുകൾ
ഒളിച്ചുവച്ച് പൂക്കാലം
പതിയിരിക്കുന്നൂ,
മഞ്ഞിൻ്റെ വെണ്ണുടൽ
കീറി മുറിച്ച്
വെളിച്ചം നിറയ്ക്കാൻ.
—
മാർച്ച്.
കരിയില ചില്ലകളുടെ
ചാര നിറങ്ങളിൽ
കാറ്റുപിടിയ്ക്കുമ്പോൾ,
മണ്ണിൻ്റെ അടരിൽനിന്ന്
മെല്ലിച്ച മുഖം നീർത്തി
പുല്ലുകൾ കിളിർക്കുന്നു.
കണ്ണെത്താതെ പരന്ന
ഏകാന്ത ശിശിരം
അകന്നുപോകുന്നു
ജീവിതച്ചൂടിൻ്റെ
ചെറിപ്പൂക്കൾ നിറഞ്ഞ
നഗര ഹൃദയത്തിൽ.
16/03/2025