വസന്തത്തിന് ഒരു ആമുഖം

ജനുവരി.

തണുപ്പിൻ്റെ പരലുകൾ

ഇരുട്ടിൽ കടന്നെത്തി

ഉടലിൽ തറയ്ക്കുമ്പോൾ,

ഇലതോർന്നു നിൽക്കുന്ന

ഇടതൂർന്ന മരങ്ങളാൽ

കാഴ്ച മുറിയുന്നു.

മരിച്ച പകലുകളുടെ

മരവിച്ച നിഴലുകൾ

പരന്നു കിടക്കുന്നൂ,

കഴിഞ്ഞു പോയിട്ടും

ഓർമ്മയിൽ ജീവിക്കുന്ന

ചില മനുഷ്യരെപ്പോലെ.

ഫെബ്രുവരി.

കറുത്ത മഷിപോലെ

പടരുന്ന വിഷാദത്തിൽ

ആഴ്ന്നുപോകുമ്പോൾ,

വസന്ത മരീചികൾ

ജീവൻ്റെ തുരുത്തിലേക്ക്

വലിച്ചടുപ്പിക്കുന്നൂ.

വെയിലിൻ്റെ ചില്ലുകൾ

ഒളിച്ചുവച്ച് പൂക്കാലം

പതിയിരിക്കുന്നൂ,

മഞ്ഞിൻ്റെ വെണ്ണുടൽ

കീറി മുറിച്ച്‌

വെളിച്ചം നിറയ്ക്കാൻ.

     —

മാർച്ച്.

കരിയില ചില്ലകളുടെ

ചാര നിറങ്ങളിൽ

കാറ്റുപിടിയ്ക്കുമ്പോൾ,

മണ്ണിൻ്റെ അടരിൽനിന്ന്

മെല്ലിച്ച മുഖം നീർത്തി

പുല്ലുകൾ കിളിർക്കുന്നു.

കണ്ണെത്താതെ പരന്ന

ഏകാന്ത ശിശിരം

അകന്നുപോകുന്നു

ജീവിതച്ചൂടിൻ്റെ

ചെറിപ്പൂക്കൾ നിറഞ്ഞ

നഗര ഹൃദയത്തിൽ.

16/03/2025

ഒരു പുഴയുടെ കഥ

പുഴയുടെ നിലക്കാത്ത ഒഴുക്ക്‌……അത് കാലഘട്ടങ്ങള്‍ക്കും സംസ്ക്രുതികള്‍ക്കും മുകളിലൂടെ നിരന്തമായുള്ള ഒഴുക്കാണ് . അതിന്‍റെ തീരങ്ങള്‍ സാക്ഷിയായി നിരവധി നഗരങ്ങള്‍, സംസ്കാരങ്ങള്‍ ഉയര്‍ന്നുപൊങ്ങി പിന്നീട് തകര്‍ന്നടിയുന്നു.അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെടുന്നു; പുനര്‍നിര്‍ണ്ണയിക്കപ്പെടുന്നു. പിന്നെ യുദ്ധ മുഖങ്ങളായി ചോരചിന്തുന്നു.എല്ലാത്തിനും മുകളിലൂടെ കാലത്തിന്‍റെ മഹാപ്രവാഹമായി പുഴ ഒഴുകുന്നു. ആ ഒഴുക്കിനൊപ്പം മണ്ണിന്‍റെ ഓരോ അടരുകളിലും ഓര്‍മ്മകളുടെ നിധികള്‍ കൂട്ടിവയ്ക്കുന്നു…!

          അങ്ങ് കിഴക്ക് സഹ്യനില്‍ നിന്ന് പിറക്കുന്ന ദ്രാവിഡ കന്യകയായ നിള കേരളത്തില്‍ കാല്‍കുത്തി ചിറ്റൂരിലെ ശോക നാശിനിയാവുന്നു. പാലക്കാടിന്‍റെ ഹൃദയ ഭാഗത്ത് അവള്‍ കല്പാത്തി പുഴയാണ്. അഗ്രഹാരങ്ങളും,തേരുരുളുന്ന തെരുവുകളും, എണ്ണമറ്റ രഥോത്സവങ്ങളും, സംഗീത സദസ്സുകളും സാക്ഷിയാക്കി കൊണ്ട് കല്പാത്തി പുഴ ഒഴുകുന്നു. ഒ.വി. വിജയന്‍ ‘ഇതിഹാസം’ എഴുതുമ്പോള്‍ ഈ പുഴയുടെ ഒഴുക്കില്‍ നിന്നും മഷി നിറച്ചിരിക്കണം…..തീര്‍ച്ച ! ചരിത്രമുറങ്ങുന്ന ടിപ്പുവിന്‍റെ കോട്ടയും പടയോട്ടങ്ങളും ഒക്കെ ഒഴുക്കിനിടയിലെ ചില കണ്‍വെട്ടങ്ങള്‍ പോലെ നിള ഓര്‍ത്തു വച്ചിരിക്കണം ! അവളുടെ മണല്‍ത്തിട്ടകള്‍ കടന്നുവരുന്ന പാലക്കാടന്‍ കാറ്റില്‍ പനങ്കാടുകള്‍ ഇളകിമറിയും….!
          കല്പാത്തി കടന്നാല്‍ പിന്നീടവള്‍ കണ്ണാടിപ്പുഴ. പറളിയുടെ മണ്ണിലൂടെ വള്ളുവനാട്ടിലേക്ക്. തിരുവില്വാമലയില്‍ എത്തുമ്പോള്‍ ഉമ്മറ കോലായില്‍ നിന്നും വി.കെ.എന്‍ ന്‍റെ ചിരി. ലക്കിടിയില്‍ വച്ച് കാലാതീതനായ ആ സരസന്‍ നമ്പ്യാരെ നിള ഓര്‍ത്തു പോകാം. പിന്നെ മായന്നൂരും കടന്നു ഒറ്റപ്പാലത്ത് എത്തുമ്പോള്‍ നിളയുടെ ഒഴുക്കിന് ഒരു വള്ളുവനാടന്‍ ഭാഷയാണ്. അവിടെ മണല്‍ പരപ്പിലെ നിലാവിന് ഒരു പ്രത്യേക ലഹരിയാണത്രെ ! കണ്ണെത്തുന്ന ദൂരത്തു അനങ്ങന്‍ മല അവളെ നോക്കി നില്‍ക്കുന്നു. വീണ്ടും നിലയ്ക്കാത്ത ഒഴുക്ക്.
          ഷൊര്‍ണൂരില്‍ നിള കലാമണ്ഡലത്തിനെ തൊട്ടുകൊണ്ട് പരന്നൊഴുകുന്നു. നിളയുടെ തീരത്തെ ആ കൂത്തമ്പലങ്ങളില്‍ നിന്നും കളരികളില്‍ നിന്നും പുതിയ സര്‍ഗ ധാരകള്‍ പിറക്കുന്നു. തിരുമിററക്കോടും, പട്ടാമ്പിയുമെല്ലാം ഒഴുകിയെത്തുമ്പോഴേക്കും ഒരുപാട് പൂരങ്ങളും, നേര്‍ച്ചകളും , പള്ളി പെരുന്നാളുകളും നിളയെ സാക്ഷിയാക്കി കടന്നുപോയിരിക്കും. പട്ടാമ്പിയില്‍ നിന്ന് പള്ളിപ്പുറത്തിനടുത്ത് നിള തൂതപ്പുഴയുമായി സംഗമിക്കുന്നു……ഒന്നാവുന്നു.
          തൃത്താലയിലെ പുഴക്കരയില്‍ പുളിയിലകള്‍ വീണുകിടക്കുന്നത് കാണാം. അവിടെയാണ്  ചെണ്ടയുടെ ഇടന്തലയിലെ ശുദ്ധമായ ‘ണ’ കാരം ഉയര്‍ന്നിരുന്നത്. വി.ടി യും, പുന്നശ്ശേരി നമ്പിയും, ഇ.എം.എസ്സും, ‘ബലെ’ വാര്യരും ഒക്കെ നടന്നുപോയ വഴികള്‍. പറയി പെറ്റ പന്തിരുകുലത്തിന്‍റെ ദേശം.  രായിരനെല്ലൂരില്‍ നിന്ന് നാറാണത്ത്‌ ഭ്രാന്തന്‍റെ ചിരി.
          കൂടല്ലൂരില്‍ നിളക്ക് പരിചിതനായ ഒരു വ്യക്തിയുണ്ട്. ചുണ്ടില്‍ ബീഡി പുകച്ചുകൊണ്ട് നടന്നു പോകുന്ന കര്‍ക്കശക്കാരനായ ഒരു കഥാകൃത്ത്‌, നോവലിസ്റ്റ്, സിനിമാക്കാരന്‍ – എം.ടി
          കാറ്റാടി കടവും കടന്നു കുറ്റിപ്പുറത്തേക്ക് പിന്നെ. കുറെ ജീവിതങ്ങള്‍ അറ്റുപോയിട്ടുള്ള പുഴപ്പരപ്പ്. ചിലപ്പോള്‍ നിള അങ്ങനെയാണ് – മരണം നിഴലിക്കുന്ന ഒരിടം.  ജീവദായിനിയും ജീവ ദാഹിയും ആയ ഒഴുക്ക് !!
           വീണ്ടും മുന്നോട്ടുള്ള പ്രയാണം. തിരുനാവായില്‍ പുഴയുടെ മണല്‍പുറത്ത് ചാവേറുകള്‍ ചിന്തിയ ചോരയുടെ മണം. രണവീര്യം മുഴങ്ങുന്ന ആരവങ്ങളും, വാല്‍പ്പയറ്റിന്‍റെ ധ്വനികളും, കുതിരകളുടെ കുളമ്പടിയൊച്ചയും അങ്ങനെയങ്ങനെ……നിളക്ക് മാത്രം സ്വന്തമായ ചില ഓര്‍മ്മകള്‍ !! ചരിത്രം മുന്നോട്ടോഴുകുന്നു, അവളെപ്പോലെ തന്നെ.
          പൊന്നാനിയിലെ  മാപ്പിള വണിക്കുകള്‍ക്കും, പള്ളിമകുടങ്ങള്‍ക്കും, ബാങ്കുവിളികള്‍ക്കും അവളെ അറിയാം. അവിടെ വച്ച് നിള കടലിന്‍റെ ഉപ്പ് രുചിക്കുന്നു. അഴിമുഖത്തിന്‍റെ നിറഞ്ഞൊഴുക്കില്‍, വലിയൊരു യാത്രയുടെ അന്ത്യത്തില്‍, പുഴയുടെ അസ്തിത്വം വെടിഞ്ഞ് നിള അറബികടലിന്‍റെ കാണാപ്പരപ്പില്‍ ലയിക്കുന്നു. അനിവാര്യമായ ഒരു ജലസമാധി !
          വീണ്ടും കിഴക്കോട്ട് നോക്കിയാല്‍ കടന്നുപോയ വഴികളൊക്കെ കാണാം. പോയ്മറഞ്ഞവരെയും. പക്ഷെ വ്യക്തികള്‍ നിളക്ക് അപ്രസക്തരാണ്. അവര്‍ ബാക്കിവച്ച കാല്‍പ്പാടുകള്‍ക്ക്‌ തുടര്‍ച്ചയില്ല. പുഴമണലില്‍ അവ മറഞ്ഞുപോകുന്നു. നിളയുടെ വഴിപ്പാടുകള്‍ നീര്‍ച്ചാലുകള്‍ ആണ്. അത് ഒരു തുടര്‍ച്ചയാണ്. ഒഴുക്കാണ്. 
          ഇതുവരെ, ഈ കാലത്തും, നമുക്ക് കാണാനായി ഭാരതപ്പുഴയുണ്ട്. മണല്‍തിട്ടകള്‍ക്കിടയിലെ ജലസരണികളില്‍ നിന്ന് ബലിക്കാക്കകള്‍ പറന്നുയരുന്നു. നീളന്‍ പുല്ലുകള്‍ക്കിടയിലൂടെ ചാഞ്ഞ വെയില്‍. ഇനിയെത്ര കാലം ? അത് മാത്രം  അറിഞ്ഞുകൂടാ.

പരിണാമം

സാന്ദ്രമൗന സരസ്സിൽ ആദിമ
നാദമായിയുണർന്നു നാം
ചാന്ദ്രതാര നഭശ്ചരങ്ങളായ്
മാതൃരൂപിണി ഭൂമിയായ്

താരകങ്ങൾ ഉതിർത്ത ധൂളികൾ
ജീവദായക വർഷമായ്
ഏകജീവൻ അനേകരൂപിയായ്
ഭൂമിവാണ മനുഷ്യരായ്

സമയസീമയൊടുങ്ങി മറ്റൊരു
പ്രളയ ജീവസമാധിയിൽ
ബോധം ആത്മ പരാത്മ ഭേദം
തീർന്നനശ്വര സത്യമായ്…

(അ)സാധാരണ മനുഷ്യർ

നമ്മൾ ഓരോരുത്തരുടെ ഉള്ളിലും വേറെ എത്ര മനുഷ്യരാണുള്ളത് ! ഒറ്റയ്ക്കിരിക്കുമ്പോൾ ഒരാൾ. കാമുകന്/കാമുകിക്ക് ഒപ്പമിരിക്കുമ്പോൾ മറ്റൊരാൾ. വീട്ടുകാർക്കൊപ്പം, അപരിചിതരുടെ ഇടയിൽ, വെന്തുരുകുന്ന ജീവിതച്ചൂടിൽ – ഒക്കെ ഒരോതരം നമ്മൾ. Normal People എന്ന ഇംഗ്ലീഷ് മിനി സീരീസ് പറയുന്നതും സ്വന്തം ഉള്ളിലേക്കുള്ള വഴിയിലൂടെ രണ്ടുപേരുടെ യാത്രയും അതിനിടയിലെ അവരുടെ സ്നേഹബന്ധവും ആണ്. 2018ലെ ബുക്കർ പുരസ്‌കാരത്തിന് Long List ചെയ്ത സാലി റൂണിയുടെ (Sally Rooney) ഇതേ പേരിലുള്ള നോവലിന്റെ ആവിഷ്കാരമാണ് ഈ സീരീസ്.

normal-people-connell-and-marianne-z

കോണെലും ( Connel ) മരിയാനും ( Marianne ) സഹപാഠികളാണ്. സ്കൂൾ ജീവിതത്തിന്റെ അവസാന വർഷങ്ങൾ. സാമ്പത്തികമായി ഉയർന്ന ചുറ്റുപാടുള്ള മരിയാന്റെ വീട്ടിൽ ജോലിക്കാരിയാണ് കോണെലിന്റെ അമ്മ. ഒരുപാട് സുഹൃത്തുക്കളുള്ള, അദ്ധ്യാപകരുടെ pet ആയ, എന്നാൽ കുറച്ചൊക്കെ ഉൾവലിഞ്ഞ പ്രകൃതമുള്ള ഒരാളാണ് കോണെൽ. അവനെ മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന അമ്മയാണ് വീട്ടിലെ അവന്റെ ലോകം.

InShot_20200602_065833496

നിഷേധിയെന്നും താന്തോന്നിയെന്നും പേരുകേട്ട, സുഹൃദ് വലയങ്ങളില്ലാത്ത ഏകാകിയാണ് മരിയാൻ. വീട്ടിൽ അമ്മയിൽനിന്നും സഹോദരനിൽനിന്നും അവഗണനമാത്രം അനുഭവിക്കുന്നവൾ. അതേസമയം, സ്വന്തം നിലപാടുകളെക്കുറിച്ച് ബോധ്യങ്ങൾ ഉള്ള, തുറന്നടിച്ച് പെരുമാറുന്ന ഒരു തന്റേടി.

പലതരത്തിലും വ്യത്യസ്തരായിരിക്കെ തന്നെ ബൗദ്ധികമായി ഉയർന്ന രീതിയിൽ ചിന്തിക്കുന്ന മരിയാനും കൊണെലും പരസ്പരം അടുക്കുന്നു. ഒരുമിച്ച് ഡബ്ലിനിലെ പ്രസിദ്ധമായ Trinity College ൽ ചേരുന്ന അവർ അവിടെവച്ച്  സ്വന്തം വ്യക്തിത്വങ്ങളുടെ പുതിയ നിറങ്ങൾ അറിയുന്നു. അവിടെ മരിയാൻ എളുപ്പത്തിൽ സുഹൃത്തുക്കളെ കണ്ടെത്തി. സഹപാഠികൾക്കിടയിലും കോളേജിലും തിളങ്ങി. കോണെലാകട്ടെ പുതിയലോകത്തിന്റെ അപരിചിതത്വത്തിനിടയിൽ സ്വയം ചേർന്നുപോകാൻ പറ്റാതെ വിഷമിച്ചു.

Screenshot_20200527-015606

പിന്നീടുള്ള നാലഞ്ച് വർഷങ്ങൾ മരിയാനും കോണെലും പലതവണ അടുക്കുകയും അകലുകയും ചെയ്തു. മറ്റുപല സ്നേഹബന്ധങ്ങളിലൂടെയും കടന്നുപോയി. പക്ഷേ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾക്കിടയിൽ താങ്ങായി ആദ്യം തേടുന്നത് കോണെൽ മരിയാനെയും മരിയാൻ തിരിച്ച് കോണെലിനെയും ആയിരുന്നു.

ബിരുദപഠനത്തിന്റെ അവസാനമാകുമ്പോഴേക്കും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം അവർ തിരിച്ചറിയുന്നു. അതോടൊപ്പം അവരിലെ വ്യക്തിത്വത്തിന്റെ അവസ്ഥാന്തരങ്ങളും.

https___specials-images.forbesimg.com_imageserve_5ea93f39228117000681c6c5_0x0.jpg_cropX1=0&cropX2=3918&cropY1=556&cropY2=2762

ഈ Lockdown കാലത്ത് OTT platform ൽ പുറത്തിറങ്ങിയ Normal People അഭിനേതാക്കളുടെ പ്രകടനംകൊണ്ടും അവതരണത്തിലെയും കഥയുടെയും മികവുകൊണ്ടും വളരെ നല്ലൊരു കാഴ്ച്ചാനുഭവം തരുന്നുണ്ട്. BBC യുടെ OTT platform ആയ iPlayer ലൂടെയും Hulu എന്ന video-on-demand platform ലൂടെയും Normal People കാണാൻ കഴിയും.

 

Image Courtesy: Google Image search , BBC iPlayer

ചില linguistics ചിന്തകൾ

ഒരു വിദേശ എഴുത്ത് കാണുമ്പോഴോ സംസാരം കേൾക്കുമ്പോഴോ അതേത് ഭാഷയാണ് എന്ന് തിരിച്ചറിയാനുള്ള ഒരു കൗതുകം ഉണ്ടാവാറില്ലേ ? എനിക്കുണ്ടാവാറുണ്ട്. അതുപോലെ പല ഭാഷകളിലെ വാക്കുകളുടെ കൗതുകകരമായ സാമ്യങ്ങളും തിരഞ്ഞുപോകുക രസകരമാണ്.

LanguagesPicture

ഭാഷ എന്നത് ഒരർത്ഥത്തിൽ വലിയൊരു പ്രതീകമാണ്. അതിനോളം പ്രകടമായി ഒരു പ്രത്യേക സംസ്കാരത്തിനെ അടയാളപ്പെടുത്തുന്ന ഒന്ന് ഉണ്ടാവില്ലല്ലോ! ‘തായ്-മൊഴി’യുടെ ശുദ്ധിയെ പറ്റിയും  മേന്മയെപ്പറ്റിയും ഒക്കെയുള്ള ഘോഷണങ്ങളും, മാതൃഭാഷാ സംരക്ഷണ സംഘങ്ങളും ഒക്കെ ഉണ്ടാവുന്നത് അങ്ങനെയാണ്. മാതൃഭാഷയ്ക്ക്  ‘ക്ലാസിക്’ പദവി നേടിയെടുക്കാൻ നെട്ടോട്ടം ഓടുന്നവരെയൊക്കെ നമ്മൾ കാണുന്നുണ്ട്. ഭാഷ അത്രമേൽ ജനസംസ്കൃതിയെ, ഭൂമികകളെ, ചരിത്രത്തെ – എന്തിന്, ആ ഭാഷ സംസാരിക്കുന്നവർ ലോകത്തെ കാണുന്ന രീതിയേയും അവിടുത്തെ കാലാവസ്ഥയേയും വരെ – പ്രതിനിധാനം ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ വളരെ ആകസ്മികമായി ഞാൻ ശ്രദ്ധിച്ച ഒരു കൗതുകം പറയാം. ഈയടുത്ത് ‘Trapped’ എന്നൊരു TV Series കാണാൻ ഇടവന്നു. Icelandic   ഭാഷയിലുള്ള ഒരു Crime Thriller ആണ് അത്. മാത്രമല്ല Iceland  എന്ന രാജ്യത്തിൻ്റെ ഭൂപ്രകൃതിയും, രാഷ്ട്രീയവും, സംസ്കാരവും, അവിടുത്തെ മനുഷ്യരുടെ കുടുംബബന്ധങ്ങളും വരെ അതിസൂക്ഷ്മമായി ഈ Series  അടയാളപ്പെടുത്തുന്നു.

Trapped

ഇംഗ്ലീഷ് subtitles ഉപയോഗിച്ച് അത് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് – Relation  എന്ന വാക്കിൻ്റെ  Icelandic ഭാഷാരൂപം ‘Samband’ എന്നാണ്  ! അതെ, ഹിന്ദിയിലെ ‘ सम्बन्ध ‘ , മലയാളത്തിലും തമിഴിലും ഒക്കെയുള്ള ‘സംബന്ധം’, സംസ്കൃതത്തിലെ ‘ सम्बन्ध: ‘. ഒരേ വാക്ക് , ഒരേ അർത്ഥം !!

Iceland എന്ന ദ്വീപ്-രാജ്യത്തിൻ്റെ ഒരു പ്രത്യേകത അതിൻ്റെ തനിമയാണ്. ചരിത്രപ്രസിദ്ധമായ ‘ Vikings ‘ ൻ്റെ നാട്.   ജനിതകമായിത്തന്നെ നൂറ്റാണ്ടുകളോളം കലർപ്പില്ലാതെ നിലനിന്നവർ. വിദേശസ്വാധീനങ്ങൾ തീർത്തും കുറഞ്ഞ ഒന്നാണ് അവിടുത്തെ ജനവിഭാഗവും, സംസ്കാരവും, ഭാഷയും എല്ലാം. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കിടക്കുന്നതുതന്നെ കാരണം. വിക്കിപീഡിയ ഇങ്ങനെ പറയുന്നു: “Due to their small founding population and history of relative isolation, Icelanders have often been considered highly genetically homogeneous as compared to other European populations.”

അങ്ങിനെയുള്ള ഒരു നാട്ടിലെ ഭാഷയിൽ മലയാളത്തിലും മറ്റ് പല ഇന്ത്യൻ ഭാഷകളിലും ഇപ്പോഴും ഉപയോഗത്തിലുള്ള വാക്ക് അതേ  അർത്ഥത്തിൽത്തന്നെ ഉപയോഗിക്കുന്നു !

കൂടുതൽ ആലോചിക്കുമ്പോൾ ചില സൂചനകൾ കാണാം. Icelandic ഭാഷയ്ക്ക് German ഭാഷയുടെ ചില സാദൃശ്യങ്ങൾ ഉണ്ട്. Indo-European ഭാഷാവിഭാഗത്തിലെ Germanic ശാഖയിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഇവ രണ്ടും. German  ഭാഷയും സംസ്കൃതവും ‘Indo-European’ എന്ന മാതൃവിഭാഗത്തിൽ നിന്നുതന്നെ ഉണ്ടായവയാണ്. സംസ്‌കൃതമാവട്ടേ ഹിന്ദി, മലയാളം, തമിഴ് തുടങ്ങി ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും ശക്തമായ സ്വാധീനം ചെലുത്തിയ ഭാഷയും ആണ് .  അങ്ങനെ വരുമ്പോൾ അതിദൂര ദേശകാലങ്ങളുടെ പടർപ്പിനിടയിൽ ഈ Icelandic -to -Malayalam  ബന്ധം സാധ്യമാണ്.

ഇതൊക്കെ മനസ്സിലാക്കുമ്പോൾ  ഇന്ന് നമ്മൾ കാണുന്ന തീവ്ര-വലതുപക്ഷ ചായ്‌വുകളുടെയും ശുദ്ധതാ വാദങ്ങളുടെയും ( Puritanism ) അർത്ഥമില്ലായ്മ  തെളിഞ്ഞു വരും. നമ്മൾ ഓരോരുത്തരിലും വേറെ എത്രയാളുകൾ കലർന്നിരിക്കുന്നു ! എത്ര വൈവിദ്ധ്യമുള്ള  സാംസ്‌കാരിക സഞ്ചയത്തിനും സഹസ്രാബ്ദങ്ങളിലൂടെ ഊറിക്കൂടിയ അറിവുകൾക്കും മുകളിലാണ് നമ്മൾ നമ്മുടെ ജീവിതവും ബോധ്യങ്ങളും പടുത്തുയർത്തി നിവർന്നുനിൽക്കുന്നത് ! അങ്ങനെയുള്ളപ്പോൾ സങ്കുചിതമായ സ്വത്വവാദത്തിനും ശുദ്ധതാവാദത്തിനും എന്താണ് പ്രസക്തി ?! ഏകാത്മകമായത് ഒന്നേയുള്ളൂ  – നമ്മളെല്ലാവരും Homo  Sapiens  എന്ന ജീവിവർഗ്ഗമാണ് എന്നത്. നമ്മളിൽ ഓരോരുത്തരിലും ഈ മനുഷ്യകുലത്തിൻ്റെ  സർവ്വ  വൈവിധ്യങ്ങളും ഇടകലർന്നിരിക്കുന്നു.

മുല്ലനേഴി മാഷ് എഴുതിയപോലെ, “ഞങ്ങളും നിങ്ങളും ഒന്നാണ്. അറ്റമില്ലാത്തൊരീ ജീവിതപ്പാതയിൽ ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല”. അതെ , ഞങ്ങളും നിങ്ങളുമില്ല നമ്മളേയുള്ളൂ…!!

 

PS : തമിഴിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു ഭാഷയാണ് മലയാളം എന്നായിരുന്നു ഈ അടുത്തുവരെ ഞാൻ കരുതിയിരുന്നത്. എന്നാൽ ഇന്നത്തെ മലയാളവും ഇന്നത്തെ തമിഴും ഒരേ ഭാഷയുടെ പിന്മുറക്കാരാണ് എന്ന വാദം ശ്രീ. മനോജ് കുറൂരിൻ്റെ ഒരു ലേഖനത്തിലൂടെ വായിച്ചു. പുതിയ ഒരറിവായിരുന്നു അത്. സമാനമായ വിഷയം Dr . P K രാജശേഖരൻ കേരള ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിൽ വളരെ രസകരമായി പറയുന്നുണ്ട്.

 

Image Courtesy:

  1. Linguistic Society of America, Google Image search
  2. ‘TRAPPED’ TV Series poster, Google Image search

നമുക്കുള്ളിലെ ” ടെലിപ്പതിക് ” ബന്ധങ്ങൾ

പരിണാമത്തിന്റെ കാലഗണനയിൽ താരതമ്യേന വളരെ പുതിയ ഒരു ജീവിവർഗ്ഗമാണ് “ഹോമോ സാപിയൻസ്”  എന്ന ഇന്നത്തെ നമ്മുടെ മനുഷ്യവർഗം. ഭൂമിയിൽ ജീവൻ ഉദ്ഭവിച്ചിട്ട്  ഏകദേശം 380 കോടി വർഷങ്ങൾ ആയി എങ്കിലും ഹോമോ സാപിയൻസ്  പരിണമിച്ചുവന്നിട്ട് വെറും 2 ലക്ഷത്തോളം വർഷങ്ങളെ ആയിട്ടുള്ളു. അങ്ങനെ പരിണാമപരമായി നോക്കുമ്പോൾ ജീവിവർഗങ്ങളിലെ ഇളംതലമുറയാണ് മനുഷ്യൻ. എങ്കിലും ഇന്ന് മറ്റ് സകല ജീവിവർഗങ്ങൾക്ക് മുകളിലും , എന്തിന് പ്രകൃതിയുടെമേൽ വരെ മനുഷ്യൻ മേൽക്കൈ നേടിയിരിക്കുന്നു. ഭൂമിയിലെ പ്രകൃതിവിഭവങ്ങളെയെല്ലാം ചൂഷണംചെയ്ത് ഭക്ഷണവ്യവസ്ഥയുടെ പിരമിഡിന്റെ ഏറ്റവും മുകളിലാണ് ഇന്ന് മനുഷ്യൻ. എന്തായിരിക്കാം ഇതിന് കാരണം ? ആധുനികശാസ്ത്രത്തിന് ഇതിന് ഉത്തരമുണ്ടോ ? മറ്റ് ജീവജാലങ്ങളെക്കാൾ താരമമ്യേന വലിയ ഒരു മസ്തിഷ്‌കം മനുഷ്യനുണ്ട് എന്നതാണെന്ന് തോന്നാം ഒറ്റവാക്യത്തിൽ അതിനുത്തരം. എന്നാൽ കാര്യങ്ങൾ അത്ര ലളിതമല്ല.

1

പരിണാമപ്രക്രിയയിൽ ഹോമോ സാപിയൻസിന്  സമകാലീനരായി ഉണ്ടായിരുന്ന ‘നിയാണ്ടെർതാൽ’ മനുഷ്യർക്ക് ഹോമോ സാപിയൻസിനെക്കാൾ വലിയ മസ്തിഷ്‌കം ഉണ്ടായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ‘നിയാണ്ടെർതാൽ’  വർഗ്ഗത്തിന് വംശനാശം സംഭവിക്കുകയും ഹോമോ സാപിയൻസ് അതിജീവിക്കുകയും ചെയ്തു. കൂടാതെ,  ഹോമോ സാപിയൻസ് എന്ന നമ്മുടെ മനുഷ്യവർഗം ഉരുത്തിരിഞ്ഞ് 2 ലക്ഷം വർഷങ്ങളായെങ്കിലും നമ്മൾ ഇപ്പോൾ കാണുന്നവിധം പുരോഗതിപ്രാപിച്ചിട്ട് എഴുപത്തയ്യായിരത്തോളം വർഷങ്ങളെ ആയിട്ടുള്ളൂ. അതിനുമുമ്പുള്ള ഒരുലക്ഷത്തിലധികം വർഷങ്ങൾ ‘ഹോമോ സാപിയൻസ്’ പ്രായേണ ദുർബലരും,  അതിജീവനത്തിനായി കഷ്ടപെടുന്നവരും, ഭക്ഷ്യവ്യവസ്ഥയുടെ പിരമിഡിൽ മധ്യസ്ഥാനത്തുമാത്രം നിലകൊള്ളുന്നവരും ആയിരുന്നു. അപ്പോൾ മസ്തിഷ്കത്തിന്റെ വലുപ്പമല്ല മനുഷ്യവർഗ്ഗത്തിന്റെ ഇത്രയുംവലിയ പുരോഗതിക്കും വികാസത്തിനും ഉള്ള ഏക കാരണം.

 

കുറച്ചുകൂടി ആഴത്തിൽ ഈ ചോദ്യത്തിനെ സമീപിച്ചാൽ , എഴുപത്തയ്യായിരം വർഷങ്ങൾക്കുമുൻപ് ഹോമോ സാപിയൻസിന്റെ മസ്തിഷ്കത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമുണ്ടായി എന്നുവരുന്നു. കാരണം, ഈ കാലഘട്ടത്തിലും തുടർന്നും മനുഷ്യവർഗ്ഗത്തിൽ വിപ്ലവാത്മകമായ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും ഉണ്ടായി. ഭാഷ, സംസ്കാരം, നാഗരികത, കൃഷി, ഉപകരണങ്ങൾ, ചക്രം എന്നുതുടങ്ങി നാണയവ്യവസ്ഥയും, കച്ചവടവും, സാങ്കേതികവിദ്യയും വരെ അവയിൽ ചിലതാണ്.

 

മനുഷ്യമസ്തിഷ്കത്തിൽ  നടന്ന ഈ സുപ്രധാനമാറ്റത്തെക്കുറിച്ച് ശാസ്ത്രലോകത്ത് പല സിദ്ധാന്തങ്ങളും വാദഗതികളും ഉണ്ടെങ്കിലും അതിൽ പ്രധാനമായ ഒന്ന് മിറർ ന്യൂറോൻസിനെ ( Mirror Neurons ) സംബന്ധിച്ചുള്ളതാണ്. ഏകദേശം എഴുപത്തയ്യായിരം വർഷങ്ങൾക്കപ്പുറമുള്ള  കാലഘട്ടത്തിൽ മനുഷ്യമസ്തിഷ്കത്തിലെ മിറർ ന്യൂറോണുകൾ എന്ന ഒരു പ്രത്യേകവിഭാഗം ന്യൂറോണുകൾ വികാസംപ്രാപിക്കുകയും ഇത് മനുഷ്യവർഗ്ഗത്തിന് മറ്റുജീവികളെ അപേക്ഷിച്ച് കൂടുതൽ തന്മയീഭാവം ( Empathy ) പ്രകടിപ്പിക്കുന്ന കഴിവ് നേടിക്കൊടുത്തു എന്നുമാണ് കരുതുന്നത്. മിറർ ന്യൂറോണുകൾ പൊതുവിൽ മറ്റൊരാളുടെ പ്രവൃത്തിയെയോ അനുഭവത്തെയോ അത് കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയുടെ മസ്തിഷ്കത്തിൽ പുനരാവിഷ്കരിക്കുകയും അങ്ങനെ അയാൾക്ക്  ആദ്യവ്യക്തിയുടെ ചിന്തകളോടും അനുഭവങ്ങളോടും തന്മയീഭാവം പ്രകടമാക്കുകയും ചെയ്യുന്നു എന്നുപറയാം. ഈ കഴിവിന്റെ വികാസത്തോടെ ഒരിക്കൽ ഒരാൾ നടത്തുന്ന കണ്ടുപിടുത്തങ്ങളും ആശയങ്ങളും അയാളിൽമാത്രം ഒതുങ്ങാതെ മറ്റുള്ളവരിലേക്ക് പകരുന്നത് വളരെ സ്വാഭാവികമാവുകയും അങ്ങനെ വിപ്ലവകരമായ പല ആശയങ്ങളും തലമുറകളിലൂടെ സഞ്ചരിച്ച് വികസിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു. ഇത് മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയുടെ നാഴികക്കല്ലായി എന്നുപറയാം.

 

2

ഇതേ തന്മയീഭാവം എന്ന കഴിവുകൊണ്ടുതന്നെ മനുഷ്യർക്കിടയിൽ  ഭാവനാത്മകമായ പല ആശയങ്ങളുടെയും മുകളിൽ സ്ഥിരതയുള്ളതും വലുതുമായ സമൂഹക്രമങ്ങൾ ഉണ്ടാകാൻ തുടങ്ങി. മതം, രാഷ്ട്രം, കച്ചവടസ്ഥാപനങ്ങൾ, പണം എന്നിങ്ങനെ പലതും ഇത്തരം മനുഷ്യഭാവനയിൽമാത്രം നിലനില്പുള്ളതും എന്നാൽ വലിയതോതിൽ മനുഷ്യരാശിയെ ഒരുമിപ്പിക്കുന്നതുമായ ശക്തികളാണ്. തന്മയീഭാവം എന്ന മനുഷ്യവർഗ്ഗത്തിന്റെ പരസ്പരം മനസ്സിലാക്കാനുള്ള കഴിവിന്റെ ഉയർന്നതലത്തിലുള്ള ഫലങ്ങളാണ് ഇവ. ഇത് ജീവിവർഗ്ഗത്തിൽ മനുഷ്യർക്കുമാത്രം അവകാശപ്പെടാവുന്നതാണ്.

 

മനുഷ്യനോട് ഏറ്റവും അടുത്തുനിൽക്കുന്ന ചിമ്പാൻസികൾക്കും സ്ഥിരതയുള്ള സമൂഹങ്ങളെ ഉണ്ടാക്കാൻ കഴിയും. പക്ഷെ അവരുടെ സമൂഹങ്ങളിലെ അംഗസംഖ്യ വളരെച്ചെറുതായിരിക്കും – ഏകദേശം നൂറ് അംഗങ്ങൾ വരെ ഉള്ളവ. അംഗസംഖ്യ കൂടുമ്പോൾ അത് മറ്റൊരു കൂട്ടത്തിന്റെ രൂപീകരണത്തിന് വഴിവയ്ക്കുന്നു. എന്നാൽ മനുഷ്യനാകട്ടെ ദശലക്ഷക്കണക്കിനുവരുന്ന അംഗങ്ങളുടെ വലിയ സാമ്രാജ്യങ്ങളും, മതങ്ങളും, സ്ഥാപനങ്ങളും ഒക്കെയായി ജീവിക്കാൻ കഴിയുന്നു. രണ്ട് തികച്ചും അപരിചിതരായ മനുഷ്യർക്ക് അവരിരുവരും ഒരേ രാജ്യക്കാരാണ് എന്ന തിരിച്ചറിവിൽ  ഒരു പാരസ്പര്യം ഉടലെടുക്കാൻ വളരെ എളുപ്പമാണ്. ഇവിടെ രാജ്യം എന്നത് മനുഷ്യഭാവനയിൽ മാത്രമുള്ള ഒരു ആശയമാണ്. ഇങ്ങനെ ഒരു കഴിവ് മറ്റൊരു ജീവിവർഗ്ഗത്തിനും അവകാശപ്പെടാനില്ല. ഇതാണ് മനുഷ്യരാശിയുടെ പുരോഗതിക്കും വികാസത്തിനും കാരണമായിട്ടുള്ളത് എന്നുകരുതുന്നു.

 

ഇനി മറ്റൊരുകാര്യം ചിന്തിക്കാം. തേനീച്ചകളും ഉറുമ്പുകളും ചിതലുകളും പോലെയുള്ള ജീവികൾ ആയിരക്കണക്കിന് അംഗങ്ങളുള്ള, സ്ഥിരതയുള്ള സാമൂഹ്യവ്യവസ്ഥയിൽ ജീവിക്കുന്നില്ലേ എന്ന്. എന്നാൽ ഈ വ്യവസ്ഥ അവയുടെ ജീനുകളിൽനിന്നാണ് വരുന്നത്; തലച്ചോറിന്റെ പ്രവർത്തനത്തിൽനിന്നല്ല. അതുകൊണ്ടുതന്നെ ലോകത്തിന്റെ രണ്ടുഭാഗത്തുള്ള ചിതൽക്കൂട്ടങ്ങളുടെ ദൈനംദിനപ്രവൃത്തികൾ ഒരേവിധത്തിലുള്ളതായിരിക്കും – ഒരുപോലെയുള്ള രണ്ട് യന്ത്രങ്ങൾ പ്രവർത്തിക്കുന്ന പോലെ. മനുഷ്യരുടെകാര്യം അങ്ങനെയല്ല. ഒരേസമയം ഒരിടത്ത് ജനാധിപത്യപരമായ സമൂഹമുള്ളപ്പോൾത്തന്നെ മറ്റൊരിടത്തു രാജാധിപത്യത്തിൽ ഊന്നിയ തികച്ചും വ്യത്യസ്തമായ ഒരു സമൂഹക്രമം നിലനിൽക്കുന്നു.

 

പരസ്പരം ചിന്തകളെയും വികാരങ്ങളെയും മനസ്സിലാക്കാനുള്ള ഈ കഴിവ് മനുഷ്യന്റേതുമാത്രമായ ഒരുവിധം എല്ലാ സവിശേഷതകൾക്കും അടിസ്ഥാനമാണ്. സാഹിത്യം, കല, സൗന്ദര്യശാസ്ത്രം, കരുണ, പാപബോധം, മനുഷ്യാവകാശം, സാംസ്കാരിക വൈവിധ്യങ്ങൾ ഇവയൊക്കെ ഒരുതരത്തിൽ മനുഷ്യരുടെ പാരസ്പര്യത്തിനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്നുകൂടി ചിന്തിച്ചാൽ നമ്മുടെ ആനന്ദത്തിന്റെയും മനഃശാന്തിയുടെയും കാരണമായും ഈ തന്മയീഭാവം പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ജീവിതത്തിൽ സമ്പത്തുകൊണ്ടും പ്രശസ്തികൊണ്ടും തൃപ്തരായവർ ദാനധർമങ്ങളിലൂടെയും പരോപകാരങ്ങളിലൂടെയും  സന്തോഷം കണ്ടെത്തുന്നത്. ഒരർത്ഥത്തിൽ മനുഷ്യവർഗ്ഗത്തിന്റെ സ്വാർത്ഥതയല്ല തന്മയീഭാവത്തിൽനിന്നും ഉയിർക്കുന്ന സഹാനുഭൂതിയും പാരസ്പര്യവുമാണ് മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് പ്രധാനപങ്കുവഹിക്കുന്നത് എന്നുകാണാം.

 

ഇനി, പരസ്പരം മനസ്സിലാക്കി കൂട്ടംചേരാനുള്ള ഇതേകഴിവുകൊണ്ടുതന്നെ മനുഷ്യർക്കിടയിൽ വിവേചനങ്ങളും “നമ്മൾ-നിങ്ങൾ” എന്ന രീതിയിലുള്ള ദ്വന്ത്വങ്ങളും സ്വാഭാവികമായും ഉണ്ടാകുന്നു. ഇത്തരം ദ്വന്ത്വങ്ങൾ സൃഷ്ടിക്കുന്ന കലഹങ്ങൾക്കുള്ള പരിഹാരവും തന്മയീഭാവം എന്നും സഹാനുഭൂതി എന്നും പറയുന്ന കഴിവിൽത്തന്നെ ആണെന്നത് കൗതുകകരമാണ്.

 

ഒരു ഉദാഹരണം പറയാം. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ജർമനിയും ബ്രിട്ടനും തമ്മിൽ ട്രെഞ്ച് യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സമയം. ( ഇവിടെ “രാജ്യം” എന്ന തികച്ചും മനുഷ്യഭാവനയിലുള്ള ആശയത്തിന്റെ പേരിലാണ് ഇരുകൂട്ടരും യുദ്ധംചെയ്യുന്നത്. “രാജ്യം” എന്ന ആശയമാകട്ടെ മനുഷ്യവർഗ്ഗത്തിന്റെ തന്മയീഭാവം എന്ന കഴിവിൽനിന്ന് രൂപംകൊണ്ടതും ആണ്. ) ആയിടയ്ക്ക് ക്രിസ്മസ് ദിനം വന്നുചേരുകയും ജർമനിയുടെയും ബ്രിട്ടണിന്റെയും സൈനികർ ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുകയും ചെയ്‌തുവത്രേ ! ആഘോഷങ്ങൾ അവസാനിച്ചപ്പോൾ വീണ്ടും അവർ യുദ്ധമുഖത്ത് പരസ്പരം ഏറ്റുമുട്ടി, ഒരുപക്ഷേ അവരുടെ ഉന്നതോദ്യോഗസ്ഥരുടെ ആജ്ഞയ്ക്ക് വഴങ്ങി മനസ്സില്ലാ മനസ്സോടെ. ഇവിടെ രാജ്യം എന്ന ആശയത്തിന്റെ പേരിൽ യുദ്ധംചെയ്തുകൊണ്ടിരുന്ന രണ്ടുകൂട്ടം ആളുകളെ ഒന്നിപ്പിക്കാൻ അവർ രണ്ടുകൂട്ടരുടെയും കേവലവിശ്വാസത്തിൽ ഒരുപോലെയുണ്ടായിരുന്ന മതം / ആഘോഷം എന്ന ആശയത്തിന് കഴിഞ്ഞു എന്നുകാണാം.

 

ഇതുപോലെ മറ്റൊരു വലിയ ഉദാഹരണമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. ഭാഷ, സംസ്കാരം, മതം, ജാതി എന്നിങ്ങനെ നാനാതരത്തിലുള്ള മനുഷ്യഭാവനകളാൽ വിഘടിച്ചുനിന്നിരുന്ന ഇന്ത്യൻ സമൂഹത്തിനെ ബ്രിട്ടീഷ് കോളോണിയലിസത്തിനെതിരെ ഒന്നിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു മനുഷ്യനിർമ്മിത ഭാവനയായ “ദേശീയത” ആയിരുന്നു. അങ്ങനെ പരസ്പരം പോരടിച്ചിരുന്ന ജനസമൂഹങ്ങൾ ദേശീയത എന്ന ബൃഹത്തായ ആശയത്തിൽ പാരസ്പര്യം കണ്ടെത്തുകയും ഒന്നിക്കുകയും ചെയ്തു. ഇതാണ് മനുഷ്യമസ്തിഷ്കത്തിന്റെ സവിശേഷത.

 

ചുരുക്കത്തിൽ മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയുടെയും വികാസത്തിന്റെയും മേധാവിത്വത്തിന്റെയും ആധാരം മനുഷ്യമസ്തിഷ്കത്തിന്റെ സവിശേഷതയായ തന്മയീഭാവം ആണ്. അതിന്റെ ഫലമായി ആശയങ്ങൾ പങ്കുവെയ്ക്കാനും , തലമുറകളിലേക്ക് പകരാനും മനുഷ്യഭാവനയിൽമാത്രം നിലനില്പുള്ള ആശയങ്ങളുടെ പേരിൽ പരസ്പരം ഒരുമിക്കാനും, പുരോഗമിക്കാനും മനുഷ്യന് കഴിയുന്നു. എന്നാൽ ക്യാപിറ്റലിസത്തിന്റെ സ്വാധീനംമൂലമുള്ള വ്യക്തികേന്ദ്രീകൃതമായ വ്യവസ്ഥയും, സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഫലമായി നിർമിതബുദ്ധിയോടും യന്ത്രങ്ങളോടുമുള്ള അമിത വിധേയത്വവും കൂടിവരുന്നതോടെ  മനുഷ്യന്റെ സവിശേഷകഴിവായ തന്മയീഭാവവും സഹാനുഭൂതിയും ദുർബലമാകുന്നുണ്ട് എന്ന് കാണാം. ഇതുതന്നെയാണ് മനുഷ്യവംശത്തിന് ഭാവിയിൽ നേരിടേണ്ടിവരുന്ന ഏറ്റവുംവലിയ പ്രതിസന്ധികളിൽ ഒന്ന്.

 

  • By ശ്രീജിത് കരങ്ങാട് ( Sreejith Karangad )

 

അവലംബം:

  1. Book “Sapiens: A Brief History of Humankind” by Yuval Noah Harari – ISBN 978-0062316097
  2. TED talk – The neurons that shaped civilization by Dr.V S Ramachandran
  3. http://nautil.us/issue/55/trust/why-your-brain-hates-other-people-rp
  4. Image courtesy – Google

മൃതിയെ വെല്ലുന്ന ജീവിതങ്ങൾ

ജീവിതവും മരണവും രണ്ടും രണ്ടാണോ ? അതോ, ഒരേ അവസ്ഥയുടെ രണ്ട് മുഖങ്ങളോ ? ഇരുളും വെളിച്ചവും പോലെ; ചൂടും തണുപ്പും പോലെ; വാക്കും അർത്ഥവും പോലെ. ഡോ. പോൾ കലാനിതി എഴുതിയ “When breath becomes air” എന്ന പുസ്തകം ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ഇത്തരം ചില ചോദ്യങ്ങളിലൂടെയും അപഗ്രഥനങ്ങളിലൂടെയും വായനക്കാരെ കൊണ്ടുപോകുന്നു.

        ചില പുസ്തകങ്ങൾ നമ്മുടെ ചിന്തകളെ വിടാതെ പിന്തുടരും ; ഇളക്കി മറിക്കും ; ആത്മാന്വേഷണത്തിന് പ്രേരിപ്പിക്കും. ഇത് അത്തരം ഒരു രചനയാണ്. അതുകൊണ്ടുതന്നെ ഈ വായനയുടെ അനുഭവം പറഞ്ഞുവക്കാതെ നിവൃത്തിയില്ല.

        ദിനംപ്രതി അനേകായിരം മരണങ്ങൾ ചുറ്റും നടന്നുകൊണ്ടിരിക്കുമ്പോഴും സ്വയം നശ്വരതയെ കുറിച്ച് ചിന്തയില്ലാതെ എങ്ങും ജീവിതം ആഘോഷിക്കപ്പെടുന്നു എന്നതാണ് ഈ ലോകത്തിൽ ഏറ്റവും ആശ്ചര്യകരമായ സംഗതി എന്ന് മഹാഭാരതത്തിൽ ഒരിടത്തു പറയുന്നുണ്ട്. പോളിന്റെ ഈ പുസ്തകവും, ജീവിതവും മരണവും തമ്മിലുള്ള ഈ തരം സവിശേഷ ബന്ധങ്ങളെപ്പറ്റി ഉള്ള ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

        2015 മാർച്ച് ഒമ്പതാം തീയ്യതി തന്റെ മുപ്പത്തിയേഴാമത്തെ വയസ്സിൽ പോൾ കലാനിതി മരണത്തിന് കീഴടങ്ങി. ശ്വാസകോശത്തെ ബാധിച്ച അർബുദമായിരുന്നു മരണകാരണം. ക്യാൻസർ സ്ഥിരീകരിച്ചശേഷം ആ മരണാസന്നമായ രോഗാവസ്ഥയിൽ സ്വന്തം ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ദർശനങ്ങളെക്കുറിച്ചും പോൾ കലാനിതി ഈ പുസ്തകത്തിലൂടെ നമ്മോട് പറയുന്നു. ഒരുപക്ഷേ, ജീവിതം എന്ന നശ്വരതയെ അദ്ദേഹം മറികടക്കാൻ ആഗ്രഹിച്ചത് എന്നേക്കും വായിക്കപ്പെടാവുന്ന ഈ പുസ്തകത്തിലൂടെ ആവണം.

        പുസ്തകത്തിന്റെ ആമുഖമായി പോൾ പറഞ്ഞുതുടങ്ങുന്നത്  ആദ്യമായി ക്യാൻസർബാധിച്ച തന്റെ ശ്വാസകോശത്തിന്റെ സി.ടി. സ്കാൻ കാണുന്നിടം മുതൽക്കാണ്. ആ രോഗനിർണയം സ്വാഭാവികമായും പോളിന്റെ ജീവിതത്തിന്റെ ഗതി മാറ്റുന്നു. വർഷങ്ങൾ നീണ്ട വൈദ്യപഠനത്തിന്റെയും റസിഡൻസിയുടെയും അവസാനഘട്ടത്തിലായിരുന്ന പോൾ അങ്ങനെ ഡോക്ടറുടെ വേഷത്തിൽനിന്ന് പൊടുന്നനെ രോഗിയായി മാറുന്നു. അതുവരെ തന്റേതന്നെ പഠനവസ്തുക്കളായിരുന്ന രോഗികളുടെ നിരയിലേക്ക് താൻ സ്വയം എത്തിപ്പെടുന്ന അവസ്ഥ! ഈ മാറ്റത്തിന്റെ കഥയും, ഇതിന് വളരെ മുൻപേതന്നെ പോളിനെ പിന്തുടർന്നിരുന്ന അസ്തിത്വവ്യഥകളും ആണ് ഈ പുസ്തകത്തിന്റെ കാതൽ.

        ഡോക്ടറിൽനിന്ന് രോഗിയിലേക്കുള്ള ഈ വേഷപ്പകർച്ചക്കൊപ്പം മറ്റൊന്നുകൂടി സംഭവിക്കുന്നു. വേർപാടിന്റെ വക്കിൽ എത്തിനിന്നിരുന്ന പോളിന്റെയും പത്നി ലൂസിയുടെയും ദാമ്പത്യം ഈ തിരിച്ചറിവിനുമുന്നിൽ വീണ്ടും ദൃഢമാകുന്നു. രണ്ടുപേരും പരസ്പരം താങ്ങാവുന്നു. തുടർന്നുള്ള യാത്ര ഒരുമിച്ചാണെന്ന് തീർച്ചപ്പെടുത്തുന്നു. അവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വെളിച്ചം അണഞ്ഞുപോയിട്ടില്ല എന്ന് അവർ മനസ്സിലാക്കുന്നത് മരണത്തിന്റെ നിഴൽപ്പാടുകൾക്കിടയിലൂടെയാണ്.

WhenBreathBecomesAir_3

        ആമുഖത്തിനുശേഷം പോൾ തന്റെ ബാല്യകാലത്തിന്റെ ഓർമ്മകളിലേക്ക് പോകുന്നു. ദക്ഷിണേന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഹിന്ദു-ക്രിസ്ത്യൻ ദമ്പതികളുടെ മൂന്നാമത്തെ ആൺകുട്ടിയായ പോൾ ബാല്യം ചെലവഴിക്കുന്നത് അരിസോണയിലാണ്. പോളിന്റെ അമ്മ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചിയെയും വായനയേയും നല്ലപോലെ സ്വാധീനിച്ചു; വളർത്തി. ആ സ്വാധീനത്തിൽ, എഴുത്താണ് തന്റെ കർമ്മമണ്ഡലം എന്ന ബോധത്തോടെ ഹാർവാർഡ് സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിന് ചേരുന്ന പോൾ പക്ഷേ പഠിച്ചിറങ്ങുമ്പോഴേക്കും ഒരുകാര്യം തീർച്ചപ്പെടുത്തി. തന്റെ ഉള്ളിലെ ആത്മാന്വേഷണങ്ങൾക്കും, അസ്തിത്വവ്യഥകൾക്കുമുള്ള ഉത്തരം തരാൻകഴിയുക ന്യൂറോളജിക്കാണ് എന്ന്.

        അങ്ങനെ, പ്രശസ്തമായ യേയ്‌ൽ സർവകലാശാലയിൽ മെഡിക്കൽ പഠനത്തിൻ തയ്യാറെടുക്കുന്ന പോൾ, ഇടക്കാലത്ത് കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിലും വൈദ്യശാസ്ത്രത്തിലും എം.ഫിൽ നേടുന്നു.

        പിന്നീട് എഴുവർഷത്തോളം നീണ്ട ന്യൂറോളജി പഠനവും, ഗവേഷണവും, റസിഡൻസി ഷിഫ്റ്റുകളും . ഒപ്പം എണ്ണമറ്റ ജീവിതാനുഭവങ്ങളും. അവയൊക്കെ അർഹിക്കുന്ന തീക്ഷ്ണതയോടെ പോൾ പറഞ്ഞുവയ്ക്കുന്നുണ്ട്. ആദ്യമായി ജനനവും മരണവും ഒക്കെ കണ്മുന്നിൽ കാണുന്നതും, പിന്നീടങ്ങോട്ട് പലതരം രോഗപീഡകളുടെ ദൃക്‌സാക്ഷ്യവും എല്ലാം. വേദനയുടെ മുഖങ്ങൾ, ജീവിതത്തിലേക്കുള്ള തിരിച്ചു വരവുകൾ അങ്ങനെയങ്ങനെ. ജീവൻ രക്ഷിക്കുക എന്നത് മാത്രമല്ല, മരണത്തിലേക്കുള്ള യാത്രയിൽ ഒപ്പം കൈപിടിച്ചു നടക്കുക എന്നതും ഒരു ഡോക്ടറുടെ കർത്തവ്യമാണ് എന്ന് പോൾ എഴുതുന്നു.

        മുന്നിൽ വരുന്ന ഓരോ രോഗാവസ്ഥയും ജീവിതത്തെയും, മരണത്തെയും, നശ്വരതയെയും, മനുഷ്യത്വത്തെയും ഒക്കെ പറ്റി ഉള്ള പഠനവസ്തുക്കളായിരുന്നു അദ്ദേഹത്തിന്. ഒടുവിൽ മാറിനിന്ന് മനസ്സിലാക്കാൻ ശ്രമിച്ച മരണം പോളിന് മുഖത്തോട് മുഖം വന്ന് നിന്നു. ക്യാൻസർ ബാധിച്ച സ്വന്തം ശ്വാസകോശത്തിന്റെ സ്കാനിന്റെ രൂപത്തിൽ.

        പിന്നീടങ്ങോട്ട് താൻ പഠനവസ്തുക്കളിലൂടെ പഠിച്ചതും മനസ്സിലാക്കാൻ ശ്രമിച്ചതുമൊക്കെ സ്വന്തം അനുഭവമായി അറിയുകയാണ് പോൾ. സ്വയം ഒരു പഠനവസ്തുവായിക്കൊണ്ട്. സ്വന്തം ആത്മാന്വേഷണങ്ങളുടെ ഏറ്റവും അവസാനത്തെ വഴികളിലൂടെയുള്ള യാത്ര.

        ക്യാൻസർ സ്ഥിരീകരിച്ചപ്പോൾ പോളും ലൂസിയും അവർക്കൊരു കുഞ്ഞുവേണം എന്ന് തീർച്ചപ്പെടുത്തുന്നു. രോഗം മൂർച്ഛിക്കുന്നതോടൊപ്പം അവർക്കിടയിലേക്ക് കടന്നുവരുന്ന ക്യാഡി എന്ന പെൺകുഞ്ഞിന്റെ സാന്നിധ്യം പോളിന്റെ ജീവിതാനുഭവങ്ങൾക്ക് പൂർണ്ണത നൽകുന്നു. ക്യാഡിയോടുള്ള പോൾ എന്ന പിതാവിന്റെ വാക്കുകളോടെ പുസ്തകം പരിസമാപ്തിയിൽ എത്തുന്നു.

WhenBreathBecomesAir_2

        പുസ്തകത്തിന്റെ അവസാനം പോളിന്റെ ജീവിതവും, മരണത്തിലേക്കുള്ള യാത്രയും, അന്ത്യദിനങ്ങളും, വേർപാടിന്റെ അർത്ഥതലങ്ങളും ഒക്കെ ലൂസിയുടെ വാക്കുകളിലൂടെ വിവരിക്കുന്നുണ്ട്. ഈ പുസ്തകം എഴുതുന്നതിനുവേണ്ടി പോൾ അനുഭവിച്ച വേദനയും ദുരിതങ്ങളും ഒക്കെ അങ്ങനെ നമ്മുടെ കണ്മുന്നിൽ തെളിയുന്നു.

        രോഗാവസ്ഥ സർഗാത്മകതക്കുള്ള രാസത്വരകമാവുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഈ പുസ്തകം എന്ന് തോന്നാം. കാരണം, പല പ്രഗത്ഭരായ എഴുത്തുകാരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള രചനാപാടവം ഈ പുസ്തകത്തിൽ കാണാം. സംഭവങ്ങളുടെ കൃത്യവും സത്യസന്ധവുമായ വിവരണവും അതിനോട് ചേർന്നുനിൽക്കുന്ന ഭാഷയും അത്രയ്ക്ക് ശ്രദ്ധേയമാണ്. മറ്റൊന്ന്, മരണത്തെ മുന്നിൽകണ്ടുകൊണ്ട് എഴുതിയ ഈ കൃതി ഒരിക്കലും ഒരു രോദനത്തിന്റെയോ, നിരാശയുടെയോ, അവകാശവാദങ്ങളുടെയോ ഭാഷ സ്വീകരിക്കുന്നേയില്ല എന്നതാണ്. അതിവൈകാരികതയുടെ ഒരംശം പോലും നമുക്കിതിൽ വായിച്ചെടുക്കാൻ കഴിയില്ല. ജീവിതം എന്ന അത്ഭുതത്തെക്കുറിച്ചും അതിന്റെ നിഴലായി എപ്പോഴും പതുങ്ങിനിൽക്കുന്ന മരണം എന്ന പ്രഹേളികയെക്കുറിച്ചും ഉള്ള അനുഭവസാക്ഷ്യങ്ങളാണ് ഇതിലുടനീളം നിറഞ്ഞുനിൽക്കുന്നത്.

        വായനയുടെ അവസാനം പോൾ എന്ന മനുഷ്യൻ നമ്മുടെ ഉള്ളിൽ വളർന്ന്, നിറഞ്ഞ്  നിൽക്കുന്നുണ്ടാവും ; തീർച്ച. അങ്ങനെ മികച്ച വായനാനുഭവം നൽകുന്ന ഒരു പുസ്തകമായി “When breath becomes air”  മാറുന്നു. അതുകൊണ്ടുതന്നെ പോൾ കലാനിതിക്ക് ഒരുപാട് വായനകളും പുനർവായനകളും ഉണ്ടാവും. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും മരണമെന്ന പൂർണവിരാമത്തെ അതിലംഘിക്കുന്ന തുടർച്ചയാവുന്നു.

Image Courtesy: Paul Kalanithi’s website